ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ഇന്ത്യയിലെ മൊബൈല്‍ ടവറുകള്‍ക്ക് സൗരോര്‍ജ ഭാവി; പദ്ധതി ഉടന്‍


ഇന്ത്യയിലെ മൊബൈല്‍ ടവറുകള്‍ക്ക്
സൗരോര്‍ജ ഭാവി; പദ്ധതി ഉടന്‍



ഇന്ത്യയിലെ മൊബൈല്‍ ടവറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം തുടക്കമിടുന്നു.  വിവിധ സേവന ദാതാക്കളുടെ 400 ടവറുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആദ്യഘട്ടത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നത്.  ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഇന്‍ഡസ്, ജിടിഎല്‍ എന്നീ കമ്പനികളുടെ നൂറു വീതം ടവറുകളെയാണ് ആദ്യഘട്ടത്തില്‍ സൗരോര്‍ജ വൈദ്യുതിയിലേക്കു മാറ്റാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ വകുപ്പു മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല ലോക്‌സഭയെ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 100 ബിഎസ്എന്‍എല്‍ ടവറുകള്‍,  എയര്‍ടെലിന്റെ ബീഹാറിലെ 100 ടവറുകള്‍,  ഇന്‍ഡസ് ആന്ധ്രാപ്രദേശില്‍ സ്ഥാപിച്ച വിവിധ ഓപറേറ്റര്‍മാരുടെ നൂറു ടവറുകള്‍, ജിടിഎില്‍ ഉത്തര്‍പ്രദേശില്‍ സ്ഥാപിച്ച വിവിധ ഓപറേറ്റര്‍മാരുടെ 100 ടവറുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജത്തിലേക്കു മാറ്റും.  പദ്ധതി നടപ്പാവുമ്പോള്‍ കേരളത്തില്‍ ബിഎസ്എന്‍എലിന്റെ മൂന്നു ടവറുകളാണു സോളാറാകുക.  ബിഎസ്എന്‍എല്‍ ഹിമാചല്‍പ്രദേശില്‍ 18ഉം ജമ്മു കശ്മീരിലും അരുണാചല്‍ പ്രദേശിലും 15 വീതവും ടവറുകളും സൗരോര്‍ജത്തിലേക്കു മാറ്റും.
വൈദ്യുതി ഇല്ലാത്ത സമയത്ത് മൊബൈല്‍ ടവറുകള്‍ ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  വൈദ്യുതി എത്താത്ത രാജ്യത്തെ ചില മേഖലകളില്‍ മുഴുവന്‍ സമയവും ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നുമുണ്ട്.  ഡീസല്‍ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പരീക്ഷണം.   ഒരു വര്‍ഷം ഇന്‍ഡസിന്റെ മൊബൈല്‍ ടവറുകള്‍ മാത്രം ഉപയോഗിക്കുന്നത് മൂന്നു മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ്.  ഇന്ത്യയിലെ സാധാരണക്കാരന്റെ ഒരു മില്യണ്‍ ഭവനങ്ങള്‍ക്ക് പ്രകാശം പകരേണ്ട വൈദ്യുതിയാണ് ടവറുകള്‍ കൊണ്ടുപോകുന്നതെന്നു ചുരുക്കം.
രാജ്യത്തെ മൊബൈല്‍ ടവറുകള്‍ എല്ലാം ചേര്‍ന്ന് ഏതാണ്ടു രണ്ടു ബില്യണ്‍ ലീറ്റര്‍ ഡീസലാണു കത്തിക്കുന്നത്.  ഇത് ഏതാണ്ട് അഞ്ചു മില്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളാന്‍ ഇടയാക്കുന്നുവെന്നും സമീപകാലത്തു നടന്ന പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.  മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫോസില്‍ ഇന്ധനങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കെതിരെ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.
വിവിധ ഓപറേറ്റര്‍മാരുടെ ഒരു ലക്ഷത്തിലേറെ മൊബൈല്‍ ടവറുകളുള്ള ഇന്‍ഡസ് അവരുടെ 2500 ടവറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതും പ്രതീക്ഷ പകരുന്നു. ഡീസലിനേക്കാള്‍ 20-25 ശതമാനം ലാഭകരമാണ് സൗരോര്‍ജം എന്നാണു കമ്പനി പ്രതിനിധികളുടെ വിലയിരുത്തല്‍.


സൗരോര്‍ജവുമായി ഇന്റലിന്റെ

വിസ്മയ'ചിപ്പ്'


ലോകത്തെ മുന്‍നിര കംപ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോപ്രൊസസര്‍ നിര്‍മിച്ചു.  തപാല്‍ സ്റ്റാംപിന്റെ മാത്രം വലിപ്പമുള്ള സൗരോര്‍ജ ബാറ്ററിയാണ് പ്രൊസസറിന് ഊര്‍ജം പകരുന്നത്.  ഇന്റല്‍ ഡവലപര്‍ ഫോറം യോഗത്തില്‍ ഇന്റല്‍ മേധാവി പോള്‍ ഒടെലിനിയാണ് സൗരോര്‍ജ പ്രൊസസര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റിനില്‍ അനിമേഷന്‍ ഉള്‍പ്പെടെ വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളെല്ലാം സുഗമമായി പ്രവര്‍ത്തിക്കും.  കണ്ടെത്തല്‍ വിശദീകരിക്കുമ്പോള്‍ രണ്ടു റീഡിങ് ലാപുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടായിരുന്നു പ്രൊസസര്‍ പ്രവര്‍ത്തിച്ചിരുന്നത്.  തല്‍ക്കാലം പ്രൊസസര്‍ മാത്രമാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിച്ചത്.  മോണിറ്ററും സിപിയുവിലെ മറ്റ് സര്‍ക്യൂട്ടുകളുമെല്ലാം പരമ്പരാഗത രീതിയില്‍ പ്ലഗില്‍ നിന്നു വൈദ്യുതി സ്വീകരിക്കുകയായിരുന്നു.
പരീക്ഷണം വിജയിച്ചെങ്കിലും സോളാര്‍ പ്രൊസസറുകള്‍ വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മിക്കാനൊന്നും ഇന്റല്‍ ഇപ്പോള്‍ ഒരുക്കമല്ല.  കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്താന്‍ ഇന്റല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മാത്രം പുതിയ പരീക്ഷണങ്ങളെ കണ്ടാല്‍മതിയെന്നാണ് കമ്പനിയുടെ വിശദീകരണം. കംപ്യൂട്ടര്‍ മുഴുവനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയുമേറെ ഗവേഷണങ്ങള്‍ വേണ്ടിവരും.  ഇന്റല്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


സൗരോര്‍ജം ബാങ്കിങ് രംഗത്തും; ഇത്
സോളാര്‍ എടിഎമ്മുകളുടെ കാലം


എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ കറന്റുപോയി പണം മെഷീനിലേക്കുതന്നെ തിരിച്ചുപോയ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം.  ചെന്നൈ ആസ്ഥാനമായ വൊര്‍ടെക്‌സ് (Vortex) എന്ന കമ്പനി പുറത്തിറക്കിയ ഗ്രാംടെല്ലര്‍ എന്ന എടിഎം ഒരിക്കലും ഇങ്ങനെ ചതിക്കില്ല. കാരണം ഇവരുടേത് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളാണ്. വൈദ്യുതി എത്താത്ത ഒറ്റപ്പെട്ട പ്രദേശങ്ങളെ ഉദ്ദേശിച്ചാണ് കമ്പനി സോളാര്‍ എടിഎം രൂപപ്പെടുത്തിയിരിക്കുന്നത്.  മാത്രമല്ല, വൈദ്യുതി ഉപയോഗത്തില്‍ പിശുക്കനായ ഈ എടിഎമ്മിന് സാധാരണ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയുടെ പത്തിലൊന്നേ ആവശ്യമുള്ളൂ.
രാജ്യത്തെ 19 ബാങ്കുകള്‍ ഇപ്പോള്‍ ഇവരുടെ എടിഎം ഗ്രാമീണ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്.  കേരളത്തില്‍ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കും ഇത്തരത്തിലുള്ള നാല് എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ആറ് എടിഎമ്മുകള്‍കൂടി വൈകാതെ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.  തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കും ഇത്തരത്തിലുള്ള അമ്പതോളം എടിഎമ്മുകള്‍ സ്്ഥാപിക്കാന്‍ ആലോചിക്കുന്നു.
ചെന്നൈ ഐഐടിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ പുറത്തിറങ്ങിയ വിജയ്ബാബു, ലക്ഷ്മി നാരായണന്‍ കണ്ണന്‍ എന്നിവരാണ് എടിഎം രൂപകല്‍പന ചെയ്തത്.  വിവിധ കാലാവസ്ഥകളില്‍ പൂജ്യം മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലകളില്‍ എയര്‍ക്കണ്ടീഷന്‍ സംവിധാനം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നതാണ് ഈ എടിഎമ്മുകളുടെ മറ്റൊരു ആകര്‍ഷണം.  സോളാര്‍ എടിഎമ്മുകള്‍ക്കായി ആകെ ഒരുക്കേണ്ടത് തണലുവീഴാതെ സോളാര്‍ പാനലുകള്‍ ഉറപ്പിക്കാനുള്ള സ്ഥലം മാത്രമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലുള്ള 300 എടിഎമ്മുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തതായി അറിയുന്നു.
ഗ്രാമീണ മേഖലയില്‍ ബാങ്കിങ് സാധ്യതകളെത്തിക്കുകയും ഒപ്പം ഊര്‍ജം ലാഭിക്കുകയും ചെയ്യുന്ന കണ്ടെത്തലിന് ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും ഇവരെത്തേടിയെത്തി. വൈദ്യുതിയെത്താത്ത കുഗ്രാമങ്ങളിലേക്കു മാത്രമല്ല ഇപ്പോള്‍ ഇത്തരം എടിഎം സ്ഥാപിക്കാന്‍ ബാങ്കുകള്‍ താല്‍പര്യപ്പെടുന്നത്.  വികസിത രാഷ്ട്രങ്ങള്‍ ഊര്‍ജ ഉപയോഗത്തിലെ ലാഭവും പരിസ്ഥിതി സൗഹൃദസ്വഭാവവും മനസ്സിലാക്കി സോളാര്‍ എടിഎമ്മുകള്‍ വ്യാപിപ്പിക്കാന്‍ പദ്ധതികളുമായി സമീപിക്കുന്നുണ്ടെന്ന് വൊര്‍ടെക്‌സ് മേധാവികള്‍ പറയുന്നു.  രാജ്യാന്തര ബാങ്കുകളുടെയും ശ്രദ്ധാകേന്ദ്രമായതോടെ ചെന്നൈ കമ്പനിയുടെ എടിഎം ലോകത്തിന്റെ എല്ലാ കോണിലും ചെന്നെത്തുമെന്ന് ഉറപ്പായി.


മേല്‍ക്കൂരയില്‍ നിന്നു വൈദ്യുതി;
ഇപ്പോള്‍ അപേക്ഷിക്കാം


മേല്‍ക്കൂരയില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വീടുകളില്‍ സബ്‌സിഡിയോടുകൂടി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അനര്‍ട്ട് വഴി ഇപ്പോള്‍ അപേക്ഷിക്കാം.  ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് വീടുകളില്‍ അനുവദിക്കുന്നത്.  ഇതില്‍ നിന്നു പ്രതിദിനം നാലുയൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.
ഏകദേശം രണ്ടര ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന പ്ലാന്റിന് 1.2 ലക്ഷം രൂപ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി അനുവദിക്കും. ഗുണഭോക്തൃ വിഹിതമായി 1.3 ലക്ഷമാണ് ഉപഭോക്താക്കള്‍ മുടക്കേണ്ടിവരിക. 39,000 രൂപ വീതമാണ് ഓരോ പ്ലാന്റിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി.  81,000 രൂപ, അല്ലെങ്കില്‍ വിലയുടെ 30 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിക്കുക.  അനര്‍ട്ടില്‍ നിന്ന് അനുമതി ലഭിച്ചശേഷം, പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ മാനദ്ണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന പ്ലാന്റുകള്‍ക്കേ സബ്‌സിഡി ലഭിക്കുകയുള്ളൂ.
ആദ്യം അപേക്ഷിക്കുന്ന പതിനായിരം വീടുകള്‍ക്ക് സബ്‌സിഡി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.  അപേക്ഷാ ഫോം അനര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. വിലാസം: www.anert.gov.in .  അനര്‍ട്ട് ഡയറക്ടറുടെ പേരില്‍ എടുത്ത 500 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷകള്‍ നല്‍കേണ്ടത്.  തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അവസാനം ലഭിച്ച വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, സ്വന്തം മേല്‍വിലാസം എഴുതി അഞ്ചുരൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടര്‍, അനര്‍ട്ട്, തൈക്കാട് പിഒ, തിരുവനന്തപുരം-695014
സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് നിഴല്‍ വീഴാതെ സൂര്യപ്രകാശം ലഭിക്കുന്ന 15 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ്. ബാറ്ററി സ്‌റ്റോറേജ് സംവിധാനത്തോടുകൂടിയ ഓഫ്ഗ്രിഡ് പ്ലാന്റുകളാണ് സ്ഥാപിക്കുക. പ്ലാന്റിന് അഞ്ചുവര്‍ഷം വാറണ്ടിയുണ്ടാവും.  20 മുതല്‍ 25 വര്‍ഷം വരെ ആയുസ്സ് പ്രതീക്ഷിക്കുന്ന ബാറ്ററികള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.  നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കായും അപേക്ഷ നല്‍കാം. ഡിസംബറിനകം വീട്ടുനമ്പര്‍ അനര്‍ട്ടിനെ അറിയിക്കണം.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ഈ പദ്ധതിയിലൂടെ സ്ഥാപിക്കുന്ന റൂഫ്‌ടോപ്പ് സോളാര്‍ പ്ലാന്റുകളിലൂടെ 10 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.  ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണിത്.

വിനോദയാത്രകള്‍ ഇവര്‍ക്ക്വിത്തെറിയും യാത്രകള്‍


തികച്ചും വ്യത്യസ്തമാണു ഡേവിഡ് മാഷിന്റെയും സംഘത്തിന്റെയും വിനോദയാത്രകള്‍.. വൈവിധ്യമാര്‍ന്ന ഒരുകൂട്ടം തൈകളുമായാണ് ഇവര്‍ ഓരോ യാത്രയും തുടങ്ങുന്നത്. യാത്രയ്ക്കിടെ മൊട്ടക്കുന്നുകളോ വരണ്ടുണങ്ങി, മണ്ണുംപൊടിയും പറന്നു നിറംമങ്ങിയ വഴിയോരങ്ങളോ കണ്ടാല്‍ തീര്‍ച്ചയായും അവരവിടെ വാഹനം നിര്‍ത്തും.  പരിസരം ചുറ്റിക്കാണും.  വാഹനത്തില്‍ ഭദ്രമായി സൂക്ഷിച്ച ശേഖരത്തില്‍ നിന്നും പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങിയ മരത്തൈകള്‍ തിരഞ്ഞെടുക്കും.  കുഴികുത്തി ശ്രദ്ധാപൂര്‍വം തൈകള്‍ നടും. അടുത്തെവിടെയെങ്കിലും മനുഷ്യവാസമുണ്ടെങ്കില്‍ അവരെ ചെന്നുകണ്ട്, വേരുറയ്ക്കും വരെ ഈ തൈകള്‍ക്കു തണ്ണീര്‍ പകരണമെന്ന് അപേക്ഷിക്കും.
ഫലപുഷ്ടിയുള്ള മണ്ണാണെങ്കില്‍ ചവണയില്‍ വിത്തുകൊരുത്ത് ദൂരത്തേക്ക് എയ്തുവിടുന്ന രീതിയുമുണ്ട്.  'വിത്തെയ്ത്തിന്' യാത്രാ സംഘത്തിലുള്ളവരെ പ്രായ-ലിംഗ ഭേദമന്യേ പങ്കെടുപ്പിച്ച് എല്ലാവരെയും പ്രകൃതിയോടിണക്കുന്നതും ഇവരുടെ യാത്രകളിലെ നിത്യസംഭവങ്ങളാണ്.
ഒരുവ്യാഴവട്ടത്തിലേറെയായി യാത്രതുടരുന്ന പ്ലാന്റ് (Protect the Leaf and Add the Nautre in the Tropics) എന്ന ഈ കൂട്ടായ്മ വേറിട്ട ഒട്ടേറെ പരിസ്ഥിതി പരിപാടികളും സംഘടിപ്പിച്ചു വരുന്നു. തൃശൂര്‍ കുരിയച്ചിറയിലെ ഷൈനിങ് സ്റ്റാര്‍ ട്രാവല്‍സ് ഉടമയായ എം.ഡി. ഡേവിഡ് മാഷാണ് യാത്രാസംഘത്തിന്റെ നായകന്‍.  സമൂഹത്തിന്റെ വിവധതുറകളിലുള്ളവരാണു സംഘാംഗങ്ങള്‍. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രസിഡന്റും ബാങ്ക് ഉദ്യോഗസ്ഥനുമായ ബാബു ജോസ് ഹരിതം, സെക്രട്ടറിയും ഇലക്ട്രിക്കല്‍ കടയുടമയുമായ ടി.ഡി. പോള്‍, വൈസ് പ്രസിഡന്റും കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ തുമ്പൂര്‍മുഴി കോളജ് അധ്യാപകനുമായ ഡോ. ഫ്രാന്‍സിസ് സേവ്യര്‍, രക്ഷാധികാരിയും കേരളവര്‍മ കോളജിലെ റിട്ട. പ്രഫസറുമായ പി.എ. പണിക്കര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ യാത്രകളിലെ പതിവുകാരാണ്്.
യാത്ര കേരളത്തിനകത്തായാലും പുറത്തായാലും വിത്തെറിയലും തൈ നടീലും ഇവര്‍ മുടക്കാറില്ല. പച്ചപ്പിന്റെ കുളിര്‍മതേടി യാത്രചെയ്യാറുള്ളവര്‍ക്കെല്ലാം അത്ഭുതമാണ് ഈ സംഘം.  കൈനിറയെ വ്യത്യസ്തമായ വൃക്ഷത്തൈകളുമായി തുടങ്ങന്ന യാത്ര കഴിഞ്ഞു തിരികെ അരണാട്ടുകരയിലെത്തുമ്പോഴേക്കും തൈകളെല്ലാം തീര്‍ന്നിരിക്കും.  ഇവര്‍ കടന്നുപോയ വഴിയോരങ്ങളിലെല്ലാം ഡേവിഡ് മാഷും സംഘവും നട്ടുപിടിപ്പിച്ച മരങ്ങളുണ്ട്.  പത്തും പന്ത്രണ്ടും വര്‍ഷം മുമ്പ് ഈ സംഘം നട്ടുപിടിപ്പിച്ച തൈകളെല്ലാം തണല്‍പൊഴിക്കുന്ന വന്‍മരങ്ങളായി.  ആത്മബന്ധമുള്ള ആ മരത്തണലുകളില്‍ അല്‍പനേരം ഇരുന്ന് വിശ്രമിച്ച ശേഷമാണ് ഇപ്പോഴിവര്‍ യാത്ര തുടരുന്നത്.
സ്വയം തൈകള്‍ നടുന്നതിനൊപ്പം വൃക്ഷസ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ പകരാന്‍ ഒട്ടേറെ പൊടിക്കൈകളും ഇവര്‍ പ്രയോഗിക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായാണ് പ്ലാന്റ് പ്രതിവര്‍ഷം ഔഷധ സസ്യങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.  മരങ്ങള്‍ക്കു മാത്രമല്ല, ഇവ നട്ടുവളര്‍ത്തുന്നവര്‍ക്കും നല്‍കി അവാര്‍ഡ്. വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതിനു പകരം വൃക്ഷങ്ങളെ സ്‌നേഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഈ സംഘം.  ഔഷധ വൃക്ഷമിത്ര എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം പത്തുവര്‍ഷത്തോളമായി മുടങ്ങാതെ നല്‍കുന്നു.  അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിലുമുണ്ട് പുതുമ, പച്ചആട ചാര്‍ത്തിയാണ് ആദരിക്കല്‍.
അരണാട്ടുകരയിലെ ജോണ്‍ മത്തായി യൂണിവേഴ്‌സിറ്റി സെന്ററിന്റെ 25 ഏക്കറോളം വരുന്ന ഭൂമിയിലെ നൂറുകണക്കിന് അപൂര്‍വ വൃക്ഷങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചു വരുന്നതും പ്ലാന്റ് പ്രവര്‍ത്തകരാണ്. കേരളവര്‍മ കോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകന്‍ ഡോ.ശശികുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.  വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കിയതുകൊണ്ട് മരംമുറിക്കുന്നത് ഒരു പരിധിവരെ തടയാനും സഹായകമായി. അരണാട്ടുകരയിലെ 25 കുടുംബകൂട്ടായ്മകള്‍ റോഡരികില്‍ ആര്യവേപ്പ് നട്ടുവളര്‍ത്തുന്നതിനും പ്ലാന്റ് കൂട്ടായ്മ സഹായകമായി.