ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച


സൗരോര്‍ജം ബാങ്കിങ് രംഗത്തും; ഇത്
സോളാര്‍ എടിഎമ്മുകളുടെ കാലം


എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ കറന്റുപോയി പണം മെഷീനിലേക്കുതന്നെ തിരിച്ചുപോയ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം.  ചെന്നൈ ആസ്ഥാനമായ വൊര്‍ടെക്‌സ് (Vortex) എന്ന കമ്പനി പുറത്തിറക്കിയ ഗ്രാംടെല്ലര്‍ എന്ന എടിഎം ഒരിക്കലും ഇങ്ങനെ ചതിക്കില്ല. കാരണം ഇവരുടേത് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളാണ്. വൈദ്യുതി എത്താത്ത ഒറ്റപ്പെട്ട പ്രദേശങ്ങളെ ഉദ്ദേശിച്ചാണ് കമ്പനി സോളാര്‍ എടിഎം രൂപപ്പെടുത്തിയിരിക്കുന്നത്.  മാത്രമല്ല, വൈദ്യുതി ഉപയോഗത്തില്‍ പിശുക്കനായ ഈ എടിഎമ്മിന് സാധാരണ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയുടെ പത്തിലൊന്നേ ആവശ്യമുള്ളൂ.
രാജ്യത്തെ 19 ബാങ്കുകള്‍ ഇപ്പോള്‍ ഇവരുടെ എടിഎം ഗ്രാമീണ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്.  കേരളത്തില്‍ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കും ഇത്തരത്തിലുള്ള നാല് എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ആറ് എടിഎമ്മുകള്‍കൂടി വൈകാതെ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.  തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കും ഇത്തരത്തിലുള്ള അമ്പതോളം എടിഎമ്മുകള്‍ സ്്ഥാപിക്കാന്‍ ആലോചിക്കുന്നു.
ചെന്നൈ ഐഐടിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ പുറത്തിറങ്ങിയ വിജയ്ബാബു, ലക്ഷ്മി നാരായണന്‍ കണ്ണന്‍ എന്നിവരാണ് എടിഎം രൂപകല്‍പന ചെയ്തത്.  വിവിധ കാലാവസ്ഥകളില്‍ പൂജ്യം മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലകളില്‍ എയര്‍ക്കണ്ടീഷന്‍ സംവിധാനം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നതാണ് ഈ എടിഎമ്മുകളുടെ മറ്റൊരു ആകര്‍ഷണം.  സോളാര്‍ എടിഎമ്മുകള്‍ക്കായി ആകെ ഒരുക്കേണ്ടത് തണലുവീഴാതെ സോളാര്‍ പാനലുകള്‍ ഉറപ്പിക്കാനുള്ള സ്ഥലം മാത്രമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലുള്ള 300 എടിഎമ്മുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തതായി അറിയുന്നു.
ഗ്രാമീണ മേഖലയില്‍ ബാങ്കിങ് സാധ്യതകളെത്തിക്കുകയും ഒപ്പം ഊര്‍ജം ലാഭിക്കുകയും ചെയ്യുന്ന കണ്ടെത്തലിന് ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും ഇവരെത്തേടിയെത്തി. വൈദ്യുതിയെത്താത്ത കുഗ്രാമങ്ങളിലേക്കു മാത്രമല്ല ഇപ്പോള്‍ ഇത്തരം എടിഎം സ്ഥാപിക്കാന്‍ ബാങ്കുകള്‍ താല്‍പര്യപ്പെടുന്നത്.  വികസിത രാഷ്ട്രങ്ങള്‍ ഊര്‍ജ ഉപയോഗത്തിലെ ലാഭവും പരിസ്ഥിതി സൗഹൃദസ്വഭാവവും മനസ്സിലാക്കി സോളാര്‍ എടിഎമ്മുകള്‍ വ്യാപിപ്പിക്കാന്‍ പദ്ധതികളുമായി സമീപിക്കുന്നുണ്ടെന്ന് വൊര്‍ടെക്‌സ് മേധാവികള്‍ പറയുന്നു.  രാജ്യാന്തര ബാങ്കുകളുടെയും ശ്രദ്ധാകേന്ദ്രമായതോടെ ചെന്നൈ കമ്പനിയുടെ എടിഎം ലോകത്തിന്റെ എല്ലാ കോണിലും ചെന്നെത്തുമെന്ന് ഉറപ്പായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ