ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ഇന്ത്യയിലെ മൊബൈല്‍ ടവറുകള്‍ക്ക് സൗരോര്‍ജ ഭാവി; പദ്ധതി ഉടന്‍


ഇന്ത്യയിലെ മൊബൈല്‍ ടവറുകള്‍ക്ക്
സൗരോര്‍ജ ഭാവി; പദ്ധതി ഉടന്‍



ഇന്ത്യയിലെ മൊബൈല്‍ ടവറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം തുടക്കമിടുന്നു.  വിവിധ സേവന ദാതാക്കളുടെ 400 ടവറുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആദ്യഘട്ടത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നത്.  ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഇന്‍ഡസ്, ജിടിഎല്‍ എന്നീ കമ്പനികളുടെ നൂറു വീതം ടവറുകളെയാണ് ആദ്യഘട്ടത്തില്‍ സൗരോര്‍ജ വൈദ്യുതിയിലേക്കു മാറ്റാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ വകുപ്പു മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല ലോക്‌സഭയെ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 100 ബിഎസ്എന്‍എല്‍ ടവറുകള്‍,  എയര്‍ടെലിന്റെ ബീഹാറിലെ 100 ടവറുകള്‍,  ഇന്‍ഡസ് ആന്ധ്രാപ്രദേശില്‍ സ്ഥാപിച്ച വിവിധ ഓപറേറ്റര്‍മാരുടെ നൂറു ടവറുകള്‍, ജിടിഎില്‍ ഉത്തര്‍പ്രദേശില്‍ സ്ഥാപിച്ച വിവിധ ഓപറേറ്റര്‍മാരുടെ 100 ടവറുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജത്തിലേക്കു മാറ്റും.  പദ്ധതി നടപ്പാവുമ്പോള്‍ കേരളത്തില്‍ ബിഎസ്എന്‍എലിന്റെ മൂന്നു ടവറുകളാണു സോളാറാകുക.  ബിഎസ്എന്‍എല്‍ ഹിമാചല്‍പ്രദേശില്‍ 18ഉം ജമ്മു കശ്മീരിലും അരുണാചല്‍ പ്രദേശിലും 15 വീതവും ടവറുകളും സൗരോര്‍ജത്തിലേക്കു മാറ്റും.
വൈദ്യുതി ഇല്ലാത്ത സമയത്ത് മൊബൈല്‍ ടവറുകള്‍ ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  വൈദ്യുതി എത്താത്ത രാജ്യത്തെ ചില മേഖലകളില്‍ മുഴുവന്‍ സമയവും ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നുമുണ്ട്.  ഡീസല്‍ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പരീക്ഷണം.   ഒരു വര്‍ഷം ഇന്‍ഡസിന്റെ മൊബൈല്‍ ടവറുകള്‍ മാത്രം ഉപയോഗിക്കുന്നത് മൂന്നു മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ്.  ഇന്ത്യയിലെ സാധാരണക്കാരന്റെ ഒരു മില്യണ്‍ ഭവനങ്ങള്‍ക്ക് പ്രകാശം പകരേണ്ട വൈദ്യുതിയാണ് ടവറുകള്‍ കൊണ്ടുപോകുന്നതെന്നു ചുരുക്കം.
രാജ്യത്തെ മൊബൈല്‍ ടവറുകള്‍ എല്ലാം ചേര്‍ന്ന് ഏതാണ്ടു രണ്ടു ബില്യണ്‍ ലീറ്റര്‍ ഡീസലാണു കത്തിക്കുന്നത്.  ഇത് ഏതാണ്ട് അഞ്ചു മില്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളാന്‍ ഇടയാക്കുന്നുവെന്നും സമീപകാലത്തു നടന്ന പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.  മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫോസില്‍ ഇന്ധനങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കെതിരെ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.
വിവിധ ഓപറേറ്റര്‍മാരുടെ ഒരു ലക്ഷത്തിലേറെ മൊബൈല്‍ ടവറുകളുള്ള ഇന്‍ഡസ് അവരുടെ 2500 ടവറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതും പ്രതീക്ഷ പകരുന്നു. ഡീസലിനേക്കാള്‍ 20-25 ശതമാനം ലാഭകരമാണ് സൗരോര്‍ജം എന്നാണു കമ്പനി പ്രതിനിധികളുടെ വിലയിരുത്തല്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ