ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച


മേല്‍ക്കൂരയില്‍ നിന്നു വൈദ്യുതി;
ഇപ്പോള്‍ അപേക്ഷിക്കാം


മേല്‍ക്കൂരയില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വീടുകളില്‍ സബ്‌സിഡിയോടുകൂടി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അനര്‍ട്ട് വഴി ഇപ്പോള്‍ അപേക്ഷിക്കാം.  ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് വീടുകളില്‍ അനുവദിക്കുന്നത്.  ഇതില്‍ നിന്നു പ്രതിദിനം നാലുയൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.
ഏകദേശം രണ്ടര ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന പ്ലാന്റിന് 1.2 ലക്ഷം രൂപ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി അനുവദിക്കും. ഗുണഭോക്തൃ വിഹിതമായി 1.3 ലക്ഷമാണ് ഉപഭോക്താക്കള്‍ മുടക്കേണ്ടിവരിക. 39,000 രൂപ വീതമാണ് ഓരോ പ്ലാന്റിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി.  81,000 രൂപ, അല്ലെങ്കില്‍ വിലയുടെ 30 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിക്കുക.  അനര്‍ട്ടില്‍ നിന്ന് അനുമതി ലഭിച്ചശേഷം, പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ മാനദ്ണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന പ്ലാന്റുകള്‍ക്കേ സബ്‌സിഡി ലഭിക്കുകയുള്ളൂ.
ആദ്യം അപേക്ഷിക്കുന്ന പതിനായിരം വീടുകള്‍ക്ക് സബ്‌സിഡി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.  അപേക്ഷാ ഫോം അനര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. വിലാസം: www.anert.gov.in .  അനര്‍ട്ട് ഡയറക്ടറുടെ പേരില്‍ എടുത്ത 500 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷകള്‍ നല്‍കേണ്ടത്.  തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അവസാനം ലഭിച്ച വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, സ്വന്തം മേല്‍വിലാസം എഴുതി അഞ്ചുരൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടര്‍, അനര്‍ട്ട്, തൈക്കാട് പിഒ, തിരുവനന്തപുരം-695014
സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് നിഴല്‍ വീഴാതെ സൂര്യപ്രകാശം ലഭിക്കുന്ന 15 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ്. ബാറ്ററി സ്‌റ്റോറേജ് സംവിധാനത്തോടുകൂടിയ ഓഫ്ഗ്രിഡ് പ്ലാന്റുകളാണ് സ്ഥാപിക്കുക. പ്ലാന്റിന് അഞ്ചുവര്‍ഷം വാറണ്ടിയുണ്ടാവും.  20 മുതല്‍ 25 വര്‍ഷം വരെ ആയുസ്സ് പ്രതീക്ഷിക്കുന്ന ബാറ്ററികള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.  നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കായും അപേക്ഷ നല്‍കാം. ഡിസംബറിനകം വീട്ടുനമ്പര്‍ അനര്‍ട്ടിനെ അറിയിക്കണം.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ഈ പദ്ധതിയിലൂടെ സ്ഥാപിക്കുന്ന റൂഫ്‌ടോപ്പ് സോളാര്‍ പ്ലാന്റുകളിലൂടെ 10 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.  ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ