ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

വിനോദയാത്രകള്‍ ഇവര്‍ക്ക്വിത്തെറിയും യാത്രകള്‍


തികച്ചും വ്യത്യസ്തമാണു ഡേവിഡ് മാഷിന്റെയും സംഘത്തിന്റെയും വിനോദയാത്രകള്‍.. വൈവിധ്യമാര്‍ന്ന ഒരുകൂട്ടം തൈകളുമായാണ് ഇവര്‍ ഓരോ യാത്രയും തുടങ്ങുന്നത്. യാത്രയ്ക്കിടെ മൊട്ടക്കുന്നുകളോ വരണ്ടുണങ്ങി, മണ്ണുംപൊടിയും പറന്നു നിറംമങ്ങിയ വഴിയോരങ്ങളോ കണ്ടാല്‍ തീര്‍ച്ചയായും അവരവിടെ വാഹനം നിര്‍ത്തും.  പരിസരം ചുറ്റിക്കാണും.  വാഹനത്തില്‍ ഭദ്രമായി സൂക്ഷിച്ച ശേഖരത്തില്‍ നിന്നും പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങിയ മരത്തൈകള്‍ തിരഞ്ഞെടുക്കും.  കുഴികുത്തി ശ്രദ്ധാപൂര്‍വം തൈകള്‍ നടും. അടുത്തെവിടെയെങ്കിലും മനുഷ്യവാസമുണ്ടെങ്കില്‍ അവരെ ചെന്നുകണ്ട്, വേരുറയ്ക്കും വരെ ഈ തൈകള്‍ക്കു തണ്ണീര്‍ പകരണമെന്ന് അപേക്ഷിക്കും.
ഫലപുഷ്ടിയുള്ള മണ്ണാണെങ്കില്‍ ചവണയില്‍ വിത്തുകൊരുത്ത് ദൂരത്തേക്ക് എയ്തുവിടുന്ന രീതിയുമുണ്ട്.  'വിത്തെയ്ത്തിന്' യാത്രാ സംഘത്തിലുള്ളവരെ പ്രായ-ലിംഗ ഭേദമന്യേ പങ്കെടുപ്പിച്ച് എല്ലാവരെയും പ്രകൃതിയോടിണക്കുന്നതും ഇവരുടെ യാത്രകളിലെ നിത്യസംഭവങ്ങളാണ്.
ഒരുവ്യാഴവട്ടത്തിലേറെയായി യാത്രതുടരുന്ന പ്ലാന്റ് (Protect the Leaf and Add the Nautre in the Tropics) എന്ന ഈ കൂട്ടായ്മ വേറിട്ട ഒട്ടേറെ പരിസ്ഥിതി പരിപാടികളും സംഘടിപ്പിച്ചു വരുന്നു. തൃശൂര്‍ കുരിയച്ചിറയിലെ ഷൈനിങ് സ്റ്റാര്‍ ട്രാവല്‍സ് ഉടമയായ എം.ഡി. ഡേവിഡ് മാഷാണ് യാത്രാസംഘത്തിന്റെ നായകന്‍.  സമൂഹത്തിന്റെ വിവധതുറകളിലുള്ളവരാണു സംഘാംഗങ്ങള്‍. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രസിഡന്റും ബാങ്ക് ഉദ്യോഗസ്ഥനുമായ ബാബു ജോസ് ഹരിതം, സെക്രട്ടറിയും ഇലക്ട്രിക്കല്‍ കടയുടമയുമായ ടി.ഡി. പോള്‍, വൈസ് പ്രസിഡന്റും കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ തുമ്പൂര്‍മുഴി കോളജ് അധ്യാപകനുമായ ഡോ. ഫ്രാന്‍സിസ് സേവ്യര്‍, രക്ഷാധികാരിയും കേരളവര്‍മ കോളജിലെ റിട്ട. പ്രഫസറുമായ പി.എ. പണിക്കര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ യാത്രകളിലെ പതിവുകാരാണ്്.
യാത്ര കേരളത്തിനകത്തായാലും പുറത്തായാലും വിത്തെറിയലും തൈ നടീലും ഇവര്‍ മുടക്കാറില്ല. പച്ചപ്പിന്റെ കുളിര്‍മതേടി യാത്രചെയ്യാറുള്ളവര്‍ക്കെല്ലാം അത്ഭുതമാണ് ഈ സംഘം.  കൈനിറയെ വ്യത്യസ്തമായ വൃക്ഷത്തൈകളുമായി തുടങ്ങന്ന യാത്ര കഴിഞ്ഞു തിരികെ അരണാട്ടുകരയിലെത്തുമ്പോഴേക്കും തൈകളെല്ലാം തീര്‍ന്നിരിക്കും.  ഇവര്‍ കടന്നുപോയ വഴിയോരങ്ങളിലെല്ലാം ഡേവിഡ് മാഷും സംഘവും നട്ടുപിടിപ്പിച്ച മരങ്ങളുണ്ട്.  പത്തും പന്ത്രണ്ടും വര്‍ഷം മുമ്പ് ഈ സംഘം നട്ടുപിടിപ്പിച്ച തൈകളെല്ലാം തണല്‍പൊഴിക്കുന്ന വന്‍മരങ്ങളായി.  ആത്മബന്ധമുള്ള ആ മരത്തണലുകളില്‍ അല്‍പനേരം ഇരുന്ന് വിശ്രമിച്ച ശേഷമാണ് ഇപ്പോഴിവര്‍ യാത്ര തുടരുന്നത്.
സ്വയം തൈകള്‍ നടുന്നതിനൊപ്പം വൃക്ഷസ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ പകരാന്‍ ഒട്ടേറെ പൊടിക്കൈകളും ഇവര്‍ പ്രയോഗിക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായാണ് പ്ലാന്റ് പ്രതിവര്‍ഷം ഔഷധ സസ്യങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.  മരങ്ങള്‍ക്കു മാത്രമല്ല, ഇവ നട്ടുവളര്‍ത്തുന്നവര്‍ക്കും നല്‍കി അവാര്‍ഡ്. വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതിനു പകരം വൃക്ഷങ്ങളെ സ്‌നേഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഈ സംഘം.  ഔഷധ വൃക്ഷമിത്ര എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം പത്തുവര്‍ഷത്തോളമായി മുടങ്ങാതെ നല്‍കുന്നു.  അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിലുമുണ്ട് പുതുമ, പച്ചആട ചാര്‍ത്തിയാണ് ആദരിക്കല്‍.
അരണാട്ടുകരയിലെ ജോണ്‍ മത്തായി യൂണിവേഴ്‌സിറ്റി സെന്ററിന്റെ 25 ഏക്കറോളം വരുന്ന ഭൂമിയിലെ നൂറുകണക്കിന് അപൂര്‍വ വൃക്ഷങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചു വരുന്നതും പ്ലാന്റ് പ്രവര്‍ത്തകരാണ്. കേരളവര്‍മ കോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകന്‍ ഡോ.ശശികുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.  വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കിയതുകൊണ്ട് മരംമുറിക്കുന്നത് ഒരു പരിധിവരെ തടയാനും സഹായകമായി. അരണാട്ടുകരയിലെ 25 കുടുംബകൂട്ടായ്മകള്‍ റോഡരികില്‍ ആര്യവേപ്പ് നട്ടുവളര്‍ത്തുന്നതിനും പ്ലാന്റ് കൂട്ടായ്മ സഹായകമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ